2018 ജനുവരി 2, ചൊവ്വാഴ്ച

           പുതുവർഷപ്പിറവി   
                                                                                                സുജിത്ത്  2018 


പുതുവർഷപ്പിറവി ആഘോഷിക്കാനായിരുന്നു 
ബീച്ചിലെത്തിയത് .....
നടപ്പാതയിൽ തോരണങ്ങൾ നിറഞ്ഞിരിക്കുന്നു ...
ചീന വലകൾ സ്മാരകശിലകൾ പോലെ തുറിച്ചു നോക്കുന്നുണ്ട്..
ചീന വലയിൽ മീനിന് പകരം ആഫ്രിക്കൻ പായൽ 
നിറയെ കിട്ടുന്നുണ്ടാവണം...
കച്ചവടക്കാർ, കുട്ടികൾ ,ചൂളം വിളികൾ , പോലീസ്
ആരുടേയും ഒരു കുറവുമില്ല...
എവിടെയും ബഹളമയം തന്നെ..
' തട്ടു'കടയിൽ കേറി 
പുട്ടും 'ബീഫും' തട്ടി...
ഇനി ബീച്ചിൽ പോയി കാറ്റ് കൊള്ളാം ...
തിരയെണ്ണാം ....
അനന്ത വിഹായസ്സുകളുടെ
 കഥകളുണ്ട് പറയുവാൻ...
ഓർമകളുടെ കുറെ ഭാണ്ഡകെട്ടുകളും 
അഴിക്കാനുണ്ട് ..
നനുത്ത  മണ്ണിലൂടെ നടക്കണം...
കാലുകൾക്കു , മണൽ പരപ്പിന്റെ  നഗ്നത  അറിയണം ..
തിരിച്ചും...
പതിവിനു വിപരീതമായി ....
ബീച്ചിനടുത്ത് വെളിച്ചം അരണ്ടിരിക്കുന്നു ...
പാറക്കെട്ടിനു താഴെ ...
നില വെളിച്ചത്തു അത് കണ്ടു..
പാറക്കെട്ടിലേക്ക് ആർത്തലക്കുന്ന തിരമാലകളെ....
അരണ്ട വെളിച്ചത്തിൽ 
ആരോ പിറു പിറുക്കുന്നുണ്ടായിരുന്നു 
"ഓഖി കൊണ്ട് പോയി "
തീരത്തോടൊപ്പം നനുത്ത ഓർമ്മകളെയും 
അത് കവർന്നെടുത്തിരിക്കുന്നു ....
അങ്ങനെ കൊണ്ട് പോവാൻ പറ്റുമോ?
 അറിയില്ല..
ദൂരെ അന്തിക്കാല ചർച്ചയിൽ  കാലാവസ്ഥാ 
വിദഗ്ധരുടെ നിരീക്ഷണം ....
"കാലാവസ്ഥ വ്യതിയാനം, ആഗോള താപനം "
അപ്പോഴും പാറക്കെട്ടിലേക്ക് 
 കടൽ ആഞ്ഞടിക്കുന്നുണ്ടായിരുന്നു ...
കൂടെ ഓർമകളും ...

  


2017 ഒക്‌ടോബർ 24, ചൊവ്വാഴ്ച



        കാലത്തിന്റെ ചിറക് ....

ഇന്നലെ  നീ ഒരു പുഴുവായിരുന്നു
വസന്തം വന്നത്  നീ അറിഞ്ഞതേയില്ല 
നിന്റെ കണ്ണുകൾ മൂടി കിടന്നിരുന്നു...
സൂര്യ കിരണങ്ങൾ എത്തി നോക്കുന്നത് 
നീ കണ്ടതേയില്ല ......
നിനക്കു മുകളിലെ കറുത്ത പടലം 
നിനക്കു വെളിച്ചത്തെ അന്യമാക്കി ....

പുറത്തു നിനക്കു വേണ്ടി 
മഹായുദ്ധങ്ങൾ നടന്നു 
യുദ്ധങ്ങളിൽ നീ പണയമായി ...
സിന്ധുവും ഗംഗയും ബ്രഹ്മ പുത്രയും 
രക്തത്താൽ ഒഴുകി ...

കറുത്ത മൂടുപടലത്തിൽ നിന്നും നീ ചിരിച്ചു 
ഭ്രാന്തമായ ചിരി 
അടക്കിയ കാമത്തിന്റെയും 
അടക്കി വെച്ച ചിറകിന്റെയും  
ഭ്രാന്തമായ അട്ടഹാസം 

 ഇന്നു നീ ഒരു ശലഭമാണ് 
 പറക്കാം  നിനക്ക് ...
 കറുത്ത മുഖം മൂടി അഴിച്ചുവെച്ച്‌ ...
 ഭോഗിക്കാം നിനക്ക് 
രതിമൂർച്ഛ  എത്തും വരെ ...
 നിനക്കു ഇനി ചിരിക്കാം 
നിനക്കു വേണ്ടി അസ്തമിച്ച 
സാമ്രാജ്യങ്ങളെയോർത്ത് ...
നിനക്കു ആഹ്ളാദിക്കാം ...
കാലം നിനക്കായി കരുതിയ 
ചിറകിനെയോർത്ത് .....

സുജിത്ത്  2017 

2017 ജൂലൈ 20, വ്യാഴാഴ്‌ച

ഉന്നത കുലജാതരോട് ,സംവരണം കൊണ്ട് ജോലി കിട്ടാതെ കൃഷി ചെയേണ്ടി വന്നു എന്ന് പറയുന്നവരോട് സഹതപിക്കുന്നവർ തലമുറകളായി കൃഷിയിറക്കാൻ ഒരു പിടി മണ്ണ് പോലും ഇല്ലാത്ത കീഴാളന്റെ ദണ്ണം എന്നേലും കണ്ടിട്ടുണ്ടോ? 

2016 ഒക്‌ടോബർ 5, ബുധനാഴ്‌ച

        നഷ്ടപെട്ട കവിത

 ന്യൂട്രോണും പ്രോട്ടോണും
മാറ്ററും ആന്റി മാറ്ററും
മനസ്സിൽ ശിവ താണ്ഡവം
നടത്തിയപ്പോഴും
ചിതറിത്തെറിക്കുന്ന ഹാഡ്രോൺ
കൊളൈഡരിൽ
ദൈവ കണത്തെ
കണ്ടെത്തിയപ്പോഴും
ക്ഷീരപഥത്തിനപ്പുറം
പുതിയ തമോഗർത്തത്തെ
കണ്ടെത്തിയപ്പോഴും
കണ്ടു കിട്ടാത്ത
 ഒന്നുണ്ടായിരുന്നു
പാതി വഴിയിലെപ്പോഴോ
നഷ്ടപെട്ട എന്റെ കവിത
ആ കവിതയിൽ
എന്റെ മനസ്സുണ്ടായിരുന്നു...
ആ മനസ്സിൽ അവളോടുള്ള പ്രണയവും

സുജിത്ത് 2012 

             "നനഞ്ഞ ഇടവഴികളിലൂടെ പൊട്ടിയ വള്ളിച്ചെരിപ്പുമായി ഇന്നു  കുറെ നേരം നടന്നു. ഇട വഴിയിൽ ഇരുട്ട്‌  പടർന്നു തുടങ്ങിയിരിക്കുന്നു. ഓർമകളിൽ ഇരുട്ട് പരക്കാത്ത കാലത്തോളം  ആ ഇടവഴികളിലൂടെ നടക്കുവാൻ വെളിച്ചം ഒരു അനാവശ്യ വസ്തു ആയി തോന്നി . കാലുകൾ എന്നെ ലക്ഷ്യ സ്ഥാനത്തു എത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പാത്തിരിക്കുന്ന മൂർഖനും അണലിക്കും നല്ല നമസ്‍കാരം . കാലുറകൾക്കും ഷൂസിനും വിട പറഞ്ഞു എവിടുന്നോ കിട്ടിയ വള്ളി ചെരുപ്പുമായി അലഞ്ഞു നടന്നപ്പോൾ കാലുകൾക്കു വള്ളിച്ചെരുപ്പു പോലും അധികപറ്റായി തോന്നി കാണണം. മണ്ണിൽ ചേർന്നു നടക്കാൻ തോന്നി കാണണം .
             ഇന്നലത്തെ  രാത്രി  യാത്രയുടെ ക്ഷീണം കണ്ണുകളിൽ മാത്രമല്ല ശരീരത്തിലുടനീളം നിഴലിച്ചിരുന്നു. ആനവണ്ടിയിൽ ബാംഗ്ലൂർ  നിന്നും നാട്ടിലേക്കുള്ള യാത്രയിൽ ഓരോ തവണയും ഓരോ അനുഭവങ്ങളായിരിക്കും. ഓരോ അനുഭൂതികൾ  ആയിരിക്കും . ഓരോ തവണ ചുരം ഇറങ്ങുമ്പോഴും മനസ്സിലും ആയിരം തവണ ചുരം ഇറങ്ങി കാണും. കോൺക്രീറ്  കാടുകളിൽ നിന്നും നനുത്ത  മണ്ണിലേക്ക്  ഇറങ്ങാനുള്ള മനസ്സിന്റെ ചുരം ഇറങ്ങൽ. നനുത്ത കാറ്റും മൂടൽ മഞ്ഞും നിങ്ങൾ ഉറങ്ങിയില്ലേൽ നിങ്ങൾക്ക്  യാത്രയ്ക്  കൂട്ടിരിപ്പുണ്ടാവും. ഒരിക്കലും പ്രകൃതി നിങ്ങളെ ഒറ്റയ്ക്കു ആക്കില്ല എന്നതൊരു വിശ്വാസമാണ്  ഏതു യാത്രയ്ക്കും ഒറ്റയ്ക്കു പുറപ്പെടാനുള്ള ധൈര്യവും. തണുപ്പും മൂടൽ മഞ്ഞും ഇന്നലെയും എനിക്ക് കൂട്ടിരുന്നു.
               കൂരിരുട്ടിലും കാടുകൾ കാണുവാൻ തോന്നുന്നത്  അതിന്റെ വന്യത കൂടുന്നത്  രാത്രിയിൽ ആവുന്നത് കൊണ്ടാണ് . ഓരോ തവണയും കാടുകൾ ഓരോ രൂപഹാരിത പകർന്നു തരും. നിലാവെളിച്ചതു ചിലപ്പോൾ അത്  പൊട്ടിച്ചിരിക്കും . ചിലപ്പോൾ പാട്ടുകൾ പാടും..ചിലപ്പോൾ നമ്മളെ പേടിപ്പിക്കും ..രാത്രി യാത്രയിൽ ഒരു പക്ഷെ കണ്ണുകൾ പ്രകൃതിയിലേക്ക് തുറന്നു വെച്ചാൽ നമ്മളെ കാത്തിരിക്കുന്നത്  നൂറായിരം കഥകൾ ആയിരിക്കും.
               ഇന്നലത്തെ യാത്രയും എന്നത്തേയും പോലെ ഒരുപോലെ ഒരുപാടു അനുഭവങ്ങളും  നല്ല ക്ഷീണവും തന്നിരിക്കുന്നു. ആ ക്ഷീണവും അലസതയും ഇടവഴിയിലൂടെ നടക്കുമ്പോളും നിഴലിച്ചിരുന്നു. എങ്കിലും മണ്ണിലൂടെ നടക്കുമ്പോൾ ഉള്ള നനുത്ത സുഖം ആ ക്ഷീണത്തെ പാടെ മാറ്റിയിരിക്കുന്നു ...മണ്ണ്  ഒരു ഉത്തേജകമാവുന്നതു ഇങ്ങനെയാണ് ..അതെ  നമ്മുടെ  കാലുകൾക്കു കൂടുതൽ മുന്നോട്ടു പോകാനുള്ള ഉത്തേജകം "

2016 ജൂലൈ 23, ശനിയാഴ്‌ച

നിന്റെ കണ്ണുനീരിൽ 
എന്നെ കുറിച്ചുള്ള  നിറങ്ങളും 
സ്വപ്നങ്ങളുമായിരുന്നു ...
ആ കണ്ണുനീർത്തുള്ളികൾ ആയിരുന്നു 
ഇന്നോളം എന്റെ സ്വപ്നങ്ങൾ തീക്ഷണമാക്കിയത് ... 

2016 ജൂലൈ 4, തിങ്കളാഴ്‌ച

                  ഏക സിവിൽകോഡ്- ചരിത്രവും വർത്തമാനകാല രാഷ്ട്രീയവും 

        വർത്തമാന രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴി തെളിച്ചു കൊണ്ടാണ് കേന്ദ്ര നിയമ മന്ത്രാലയം റിട്ട.ജസ്റ്റിസ് ബി.എസ് ചൗഹാൻ അധ്യക്ഷനായുള്ള നിയമ കമ്മീഷനോട് ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിന്റെ സാംഗത്യത്തെ കുറിച്ചു കഴിഞ്ഞ ദിവസം റിപ്പോർട്ട് ആരാഞ്ഞത്.ദശാബ്ദങ്ങളായി വിവാദ വിഷയമായി കിടക്കുന്ന ഏക സിവിൽകോഡിനു ബ്രിട്ടീഷ്-ഭരണ കാലത്തോളമുള്ള രാഷ്ട്രീയ ചരിത്രം അവകാശപ്പെടാനുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപെടാനുള്ള വിഷയമായി ഇതു മാറാനുള്ള കാരണവും ഇതിന്റെ ഇതിന്റെ രാഷ്ട്രീയ പശ്ചാത്തലം തന്നെ. പ്രത്യേകിച്ചു ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മുന്നിൽ വന്നു നിൽക്കുന്ന സമയത്ത്. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് ഇതിനോടകം തന്നെ ഇതിനെതിരെ രംഗത്തു വരികയും അതിനു രാഷ്ട്രീയമാനം കല്പിച്ചു നൽകയും ചെയ്തിരിക്കുന്നു. എന്നാൽ ഭാരതീയ ജനതാ പാർട്ടി 2014 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞതു പോലെ അധികാരത്തിൽ വന്നാൽ ഏക സിവിൽകോഡ് നടപ്പിലാക്കും എന്ന വാഗ്ദാനത്തിലേക്കുള്ള ഒരു ചുവടു വായ്പ്പായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
         യഥാർത്ഥത്തിൽ എന്താണ് ഏക സിവിൽകോഡ് ..? എന്തു കൊണ്ടു ഇതു ന്യൂനപക്ഷങ്ങൾക്  എതിരാണെന്ന പ്രചാരണമുയരുന്നു ..ഏക സിവിൽ കോഡ് ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചാണോ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ജാതിക്കും മതത്തിനും അതീതമായി വ്യക്തി നിയമങ്ങൾ മാറ്റി എഴുതുക എന്നതാണ് ഏക സിവിൽകോഡിന്റെ ആത്യന്തികമായ ലക്ഷ്യം. പ്രത്യേകിച്ചും സ്വത്ത്, വിവാഹം, വിവാഹ മോചനം അതോടൊപ്പം പിന്തുടർച്ചാവകാശം  തുടങ്ങിയ കാര്യങ്ങളിൽ ഒരു ഏകീകരണം ആണിത് ലക്ഷ്യം വെയ്ക്കുന്നത്. ഒരു രാഷ്ട്രത്തിൽ ,ഒരു ഭരണഘടനയ്ക്ക് കീഴിൽ ജീവിക്കുന്ന ജനതയ്ക്കു  എങ്ങനെയാണ് പ്രത്യേക സിവിൽ നിയമങ്ങൾ ബാധകമാവുക! മുസ്ലിം വ്യക്തി നിയമങ്ങൾ പോലെയുള്ള മതാധിഷ്ഠിത നിയമങ്ങൾ എങ്ങനെയാണ് ഒരു മതേതര രാഷ്ട്രത്തിൽ ഭൂഷണമാവുക. കാലോചിതമായ മാറ്റത്തിന് വിധേയ മാവേണ്ടതാണ് ഇതൊക്കെ. എങ്കിൽ എന്തു കൊണ്ടു ശരിയത്തു നിയമങ്ങൾ ക്രിമിനൽ നിയമ സംവിധാനത്തിൽ കൊണ്ടു വരുന്നില്ല..അതിനു കൃത്യമായ ക്രിമിനൽ നിയമങ്ങളും ചട്ടങ്ങളും ഇരിക്കുമ്പോൾ എന്തു കൊണ്ടു സിവിൽ നിയമത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പിന്റെ ആവശ്യം.
          നേരത്തെ പറഞ്ഞതു പോലെ ഏക സിവിൽകോഡിന്റെ ചരിത്രം സ്വതന്ത്ര്യലബ്ധി എത്രയോ മുന്നേ തുടങ്ങിയതാണ്. നവോത്ഥാന പ്രസ്ഥാനങ്ങളും ബ്രിട്ടീഷ് നിയമങ്ങളും ചേർന്നാണ് ഹിന്ദു സമുദായത്തിൽ അക്കാലത്തു നില നിന്നിരുന്ന പല അനാചാരങ്ങൾ നിർത്തലാക്കയും ഏകീകൃത നിയമ വ്യവസ്ഥ മുന്നോട്ടു വെയ്ക്കയും ചെയ്തത്. ബഹു ഭാര്യത്വം, വിധവാ വിവാഹം , പിൻതുടച്ചാവകാശം, ലിംഗ സമത്വം തുടങ്ങിയ കാര്യങ്ങളിൽ ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് ഇന്നേ കാണുന്ന നിലയിലേക്ക് വ്യക്തി നിയമങ്ങൾ മാറുന്നതും പൊതു സ്വീകാര്യമാവുന്നതും.സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ചരിത്രം പരിശോധിച്ചാൽ ഏക സിവിൽകോഡ് നടപ്പിലാക്കാൻ ഏറ്റവും കൂടുതൽ യത്നിച്ച വ്യക്തികൾ നെഹ്രുവും അംബേദ്കറുമാണ്. വർത്തമാനകാല രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ഇതിനെ എതിർക്കുന്നത് നെഹ്‌റുവിന്റെ പിന്തുടർച്ചക്കാരാണെന്നുള്ളതാണ് ഒരു വിരോധാഭാസം. അന്നു നെഹ്‌റുവിനെ ഏറ്റവും കൂടുതൽ എതിർത്ത് മുതിർന്ന നേതാക്കളായ പട്ടേലും ഡോ.രാജേന്ദ്ര പ്രസാദും  ഹിന്ദു മതമൗലികവാദികളും ആയിരുന്നു. ഹിന്ദുത്വ വിരുദ്ധം എന്നു മൗലികവാദികളാൽ മുദ്ര കുത്തിയ നിയമങ്ങൾ നാലു പ്രത്യേക നിയമങ്ങളായി നടപ്പിലാക്കാനുള്ള ആർജവം അന്ന് നെഹ്റുവിനുണ്ടായിരുന്നു. സ്ത്രീ വിരുദ്ധ പരമ്പരാഗത നിലപാടുകളെ പാടെ അവഗണിച്ചു ഹിന്ദു സമുദായത്തിൽ ലിംഗ സമത്വം ഉറപ്പു വരുത്താൻ നെഹ്‌റുവിനു ഏറെ കുറെ കഴിഞ്ഞിരുന്നു എന്നത് നെഹ്‌റുവിന്റെ ഭരണ നേട്ടം തന്നെ ആയിരുന്നു.
എന്നാൽ ഏക സിവിൽകോഡ് എന്നതു ഒരു സമന്വയമാവാതെ നീണ്ടു നീണ്ടു പോവുകയാണുണ്ടായത്. ഭരണഘടനയിൽ  ആർട്ടിക്കിൾ 44 - ആയി  ഇന്ത്യയിലുടനീളം ഏക സിവിൽ കോഡ്  രാഷ്ട്രം ഉറപ്പു വരുത്തണം എന്ന നിർദേശക തത്വത്തെയാണ് നെഹ്‌റു മുന്നോട്ടു വെച്ചത്. നിർദേശക തത്വമായതിനാൽ തന്നെ നിർബന്ധമായി നടപ്പിലാക്കേണ്ട ആവശ്യകതയും അതിനില്ലായിരുന്നു.
         ന്യൂനപക്ഷങ്ങൾ അവരുടേതായ വ്യക്തി നിയമങ്ങളുമായി മുന്നോട്ടു പോയപ്പോൾ 1985 ലാണ് കോൺഗ്രസിന്റെ എക്കാലത്തെയും വലിയ മലക്കം മറിച്ചിലുകൾക്ക് ഇന്ത്യ സാക്ഷിയാവേണ്ടി വന്നത്. ചരിത്ര നിരീക്ഷകർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഷാ ബാനോ കേസ് (1985 ). സുപ്രീം കോടതിയുടെ ശക്തമായ നിലപാടായിരുന്നു ഈ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.ഏക സിവിൽ കോഡ് നടപ്പിലാക്കേണ്ടതിനെ  വശ്യകതയിലേക്കാണ് അതു വിരൽ ചൂണ്ടിയിരുന്നത്‌. എന്താണ് ഷാ ബാനോ കേസ് ? ...
40 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 73 വയസ്സുള്ള ബാനോയെ  ഭർത്താവ്  തലാക്ക് ചൊല്ലി വിവാഹ മോചനം ചെയ്തതും ജീവനാംശം നൽകാൻ വിസമ്മതിച്ചതുമായിരുന്നു കേസ്.എന്നാൽ ഇന്ത്യൻ ക്രിമിനൽ ശിക്ഷ നിയമപ്രകാരം (സെക്ഷൻ  125 ) ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥൻ ആണെന്നു വിധിച്ചു. എന്നാൽ വിവാദപരമായ ഈ തീരുമാനത്തെ പാർലമെന്റിൽ എതിര്ത്ത രാജീവ് ഗാന്ധി സർക്കാർ ചരിത്രത്തെ അവഗണിക്കയാണ് ചെയ്തത്.
        വർഷങ്ങൾക്കു ശേഷം ഇതു വീണ്ടും മുഖ്യധാരാ വിഷയമാവുമ്പോൾ എന്തു കൊണ്ടു മതാധിഷ്ടിത വ്യക്തി നിയമങ്ങൾ എതിർക്കപ്പെടണം എന്നതാണ് ചർച്ച ചെയ്യേണ്ടത് . 2015 ഒക്ടോബറിലാണ് സുപ്രീം കോടതി "ടോട്ടൽ കൺഫ്യൂഷൻ " എന്നു ഇന്ത്യയിലെ വിവിധ നിയമങ്ങളെ ഉദ്ദേശിച്ചു കൊണ്ടു പരാമർശിക്കുന്നത്.അന്ന് കേന്ദ്ര ഗവൺമെന്റിനോട് പുതിയ നിയമം നടപ്പിലാക്കുന്നതിന്റെ ആവശ്യത്തെ കുറിച്ചു ആരായുകയും ചെയ്തു.അതിന്റെ തുടർച്ച  ആയിട്ടു വേണം ഇപ്പോഴത്തെ നീക്കത്തെ കാണാൻ. രാഷ്ട്രീയലാക്കോടു കൂടി വിഷയത്തെ സമീപിക്കുമ്പോൾ മാത്രമാണ് ഏക സിവിൽ കോഡ് എതിർക്കപ്പെടുന്നത്. ബഹു ഭൂരിപക്ഷം വരുന്ന ന്യൂന പക്ഷ വിഭാഗത്തിൽ വരുന്ന സ്ത്രീകളും ഇതിനെ അനുകൂലിക്കുന്നവരായിരിക്കും. ഇന്ന് വാട്സാപ്പ് തലാക്ക്  വരെ എത്തി നിൽക്കുന്ന അവസ്ഥയിലും വിവാഹ മോചനത്തിന് വർഷങ്ങൾ എടുക്കുന്ന സ്ഥിതി വിശേഷത്തിലും  ബഹു ഭാര്യത്വത്തെ മുഴുവനായും എതിർക്കപ്പെടേണ്ടതിന്റെയും വർത്തമാന കാലത്തിൽ ഏക സിവിൽ കോഡ് ഒരു ആവശ്യകത തന്നെ ആണ്. അതു ഒരു മത വിഭാഗത്തെ മാത്രം ഉന്നം വെയ്ക്കുന്നതല്ല. കൂടുതൽ പരിശോധിച്ചാൽ അതു വ്യക്തമാണ് താനും .കാരണം ബഹു ഭാര്യത്തിന്റെ കാര്യത്തിൽ ഉത്തരേന്ത്യ പോലെയുള്ള സ്ഥലങ്ങളിൽ ഹിന്ദുക്കളിലും ഇതു നില നിൽക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു .
അതു കൊണ്ടു തന്നെ ഇടതു പക്ഷമായാലും കോൺഗ്രെസ് ആയാലും ബിജെപി ആയാലും ഇതിനെ സമീപിക്കേണ്ടത് അതിന്റെ സാമൂഹ്യ ആവശ്യകത കണ്ടറിഞ്ഞാണ്. അല്ലാതെ 121 കോടിയിലേറെ വരുന്ന ജനതയെ വോട്ട് ബാങ്കിന്റെ പേരിൽ മാത്രം എന്നും ഭിന്നിപ്പിച്ചു നിൽപ്പിക്കുന്നതു എന്തിനാണ്? കഴിഞ്ഞ ദിവസം ഒരു മാധ്യമ ചർച്ചയ്ക്കിടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് ഏക സിവിൽ കോഡ് ന്യൂന പക്ഷ വിരുദ്ധമാണെന്ന പരാമർശം കണ്ടു .അവരോടു ഒന്നേ പറയാനുള്ളു ..നെഹ്‌റുവിന്റേയും അംബേദ്കറിന്റെയും ചരിത്രം പഠിച്ചില്ലേൽ പഠിക്കുന്നത് നല്ലതായിരിക്കും എന്നു.
         ഏക സിവിൽ കോഡ് നിയമം ബാധകമായുള്ള ഗോവയുടെ പാത ഇന്ത്യയിലുടനീളം കൊണ്ടുവരാൻ ഒരു ഗവണ്മെന്റ് ആർജവം കാണിക്കുന്നുവെങ്കിൽ അതിന്റെ പിന്നിൽ എന്തു രാഷ്ട്രീയം ഉണ്ടെന്നു പറഞ്ഞാലും അതിന്റെ ആവശ്യകതയും സാമൂഹിക പ്രസക്തിയും ഉൾക്കൊണ്ട്  അതിനനുകൂലമായ രാഷ്ട്രീയ ഏകോപനമാണ് ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങൾ കാണിക്കേണ്ടത്. ഒരു ജനത ഒരു നിയമത്തിന്റെ കുടക്കീഴിൽ വരട്ടെ..ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനു ഒരു മകുടം കൂടി ആയിരിക്കുമത്.

          
 സുജിത്ത് 2016