2016 ഒക്‌ടോബർ 5, ബുധനാഴ്‌ച

        നഷ്ടപെട്ട കവിത

 ന്യൂട്രോണും പ്രോട്ടോണും
മാറ്ററും ആന്റി മാറ്ററും
മനസ്സിൽ ശിവ താണ്ഡവം
നടത്തിയപ്പോഴും
ചിതറിത്തെറിക്കുന്ന ഹാഡ്രോൺ
കൊളൈഡരിൽ
ദൈവ കണത്തെ
കണ്ടെത്തിയപ്പോഴും
ക്ഷീരപഥത്തിനപ്പുറം
പുതിയ തമോഗർത്തത്തെ
കണ്ടെത്തിയപ്പോഴും
കണ്ടു കിട്ടാത്ത
 ഒന്നുണ്ടായിരുന്നു
പാതി വഴിയിലെപ്പോഴോ
നഷ്ടപെട്ട എന്റെ കവിത
ആ കവിതയിൽ
എന്റെ മനസ്സുണ്ടായിരുന്നു...
ആ മനസ്സിൽ അവളോടുള്ള പ്രണയവും

സുജിത്ത് 2012 

             "നനഞ്ഞ ഇടവഴികളിലൂടെ പൊട്ടിയ വള്ളിച്ചെരിപ്പുമായി ഇന്നു  കുറെ നേരം നടന്നു. ഇട വഴിയിൽ ഇരുട്ട്‌  പടർന്നു തുടങ്ങിയിരിക്കുന്നു. ഓർമകളിൽ ഇരുട്ട് പരക്കാത്ത കാലത്തോളം  ആ ഇടവഴികളിലൂടെ നടക്കുവാൻ വെളിച്ചം ഒരു അനാവശ്യ വസ്തു ആയി തോന്നി . കാലുകൾ എന്നെ ലക്ഷ്യ സ്ഥാനത്തു എത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പാത്തിരിക്കുന്ന മൂർഖനും അണലിക്കും നല്ല നമസ്‍കാരം . കാലുറകൾക്കും ഷൂസിനും വിട പറഞ്ഞു എവിടുന്നോ കിട്ടിയ വള്ളി ചെരുപ്പുമായി അലഞ്ഞു നടന്നപ്പോൾ കാലുകൾക്കു വള്ളിച്ചെരുപ്പു പോലും അധികപറ്റായി തോന്നി കാണണം. മണ്ണിൽ ചേർന്നു നടക്കാൻ തോന്നി കാണണം .
             ഇന്നലത്തെ  രാത്രി  യാത്രയുടെ ക്ഷീണം കണ്ണുകളിൽ മാത്രമല്ല ശരീരത്തിലുടനീളം നിഴലിച്ചിരുന്നു. ആനവണ്ടിയിൽ ബാംഗ്ലൂർ  നിന്നും നാട്ടിലേക്കുള്ള യാത്രയിൽ ഓരോ തവണയും ഓരോ അനുഭവങ്ങളായിരിക്കും. ഓരോ അനുഭൂതികൾ  ആയിരിക്കും . ഓരോ തവണ ചുരം ഇറങ്ങുമ്പോഴും മനസ്സിലും ആയിരം തവണ ചുരം ഇറങ്ങി കാണും. കോൺക്രീറ്  കാടുകളിൽ നിന്നും നനുത്ത  മണ്ണിലേക്ക്  ഇറങ്ങാനുള്ള മനസ്സിന്റെ ചുരം ഇറങ്ങൽ. നനുത്ത കാറ്റും മൂടൽ മഞ്ഞും നിങ്ങൾ ഉറങ്ങിയില്ലേൽ നിങ്ങൾക്ക്  യാത്രയ്ക്  കൂട്ടിരിപ്പുണ്ടാവും. ഒരിക്കലും പ്രകൃതി നിങ്ങളെ ഒറ്റയ്ക്കു ആക്കില്ല എന്നതൊരു വിശ്വാസമാണ്  ഏതു യാത്രയ്ക്കും ഒറ്റയ്ക്കു പുറപ്പെടാനുള്ള ധൈര്യവും. തണുപ്പും മൂടൽ മഞ്ഞും ഇന്നലെയും എനിക്ക് കൂട്ടിരുന്നു.
               കൂരിരുട്ടിലും കാടുകൾ കാണുവാൻ തോന്നുന്നത്  അതിന്റെ വന്യത കൂടുന്നത്  രാത്രിയിൽ ആവുന്നത് കൊണ്ടാണ് . ഓരോ തവണയും കാടുകൾ ഓരോ രൂപഹാരിത പകർന്നു തരും. നിലാവെളിച്ചതു ചിലപ്പോൾ അത്  പൊട്ടിച്ചിരിക്കും . ചിലപ്പോൾ പാട്ടുകൾ പാടും..ചിലപ്പോൾ നമ്മളെ പേടിപ്പിക്കും ..രാത്രി യാത്രയിൽ ഒരു പക്ഷെ കണ്ണുകൾ പ്രകൃതിയിലേക്ക് തുറന്നു വെച്ചാൽ നമ്മളെ കാത്തിരിക്കുന്നത്  നൂറായിരം കഥകൾ ആയിരിക്കും.
               ഇന്നലത്തെ യാത്രയും എന്നത്തേയും പോലെ ഒരുപോലെ ഒരുപാടു അനുഭവങ്ങളും  നല്ല ക്ഷീണവും തന്നിരിക്കുന്നു. ആ ക്ഷീണവും അലസതയും ഇടവഴിയിലൂടെ നടക്കുമ്പോളും നിഴലിച്ചിരുന്നു. എങ്കിലും മണ്ണിലൂടെ നടക്കുമ്പോൾ ഉള്ള നനുത്ത സുഖം ആ ക്ഷീണത്തെ പാടെ മാറ്റിയിരിക്കുന്നു ...മണ്ണ്  ഒരു ഉത്തേജകമാവുന്നതു ഇങ്ങനെയാണ് ..അതെ  നമ്മുടെ  കാലുകൾക്കു കൂടുതൽ മുന്നോട്ടു പോകാനുള്ള ഉത്തേജകം "