2015 നവംബർ 21, ശനിയാഴ്‌ച

 സ്വപ്നം 
വിശപ്പും സ്വപ്നവും
ദ്വന്ദ്വ  യുദ്ധത്തിൽ ഏർപെട്ടപ്പോൾ
നറുക്ക് വീണത്‌  വിശപ്പിനായിരുന്നു ..
വിശപ്പ്‌  'വിശപ്പ'കറ്റി കിടന്നപ്പോൾ
സ്വപ്നം മൂലയ്ക്കെവിടെയോ
'വിശന്നു' കിടന്നു.

പ്രണയം 
ആൾക്കൂട്ടതിലേക്ക്
നിന്റെ നിഴലുകൾ  മറയുന്നവരെ
 നിന്നോട് പറയാതിരുന്നത് ;
വിശന്നു കിടന്നുറങ്ങിയ സ്വപ്നത്തിലായിരുന്നു
നിന്നോടുള്ള പ്രണയമെന്നതു കൊണ്ടായിരുന്നു ...

മരണം 
ചുവന്ന ചക്രവാളത്തിൽ  മരിക്കാൻ കിടന്നപ്പോളും
സ്വപ്‌നങ്ങൾ നിലവിളിക്കുന്നുണ്ടായിരുന്നു...
ദൂരയെവിടെയോ സ്മശാനത്തിന്റെ നിശബ്ദതയിൽ
അതിന്റെ നിലവിളി  കൂർത്ത രാത്രികളെ
കീറി മുറിച്ചു കൊണ്ടേയിരുന്നു ....


സുജിത്ത്  2015 


2015 ഒക്‌ടോബർ 18, ഞായറാഴ്‌ച

മറവി...

നിന്നെ ഞാൻ മറന്നു തുടങ്ങിയിരിക്കുന്നു ....
നിന്റെ ഓർമകൾക്ക്  മരണക്കുറി വന്നിരിക്കുന്നു ....
 ഒരു നെടു നീളൻ  കവിത എഴുതി 
നിന്നെ ഓർമിക്കാമെന്നു കരുതി 
പേന തപ്പി  നോക്കിയപ്പോൾ 
പേന വെച്ചതെവിടെ  എന്നു  മറന്നു പോയിരിക്കുന്നു .
അവസാനം, കിട്ടിയ മുറിപ്പെൻസിൽ  
എടുത്ത് എഴുതാൻ ഇരുന്നപ്പോൾ 
ഞാൻ അക്ഷരങ്ങളും മറന്നു പോയിരിക്കുന്നു ....  

സുജിത്ത്  2015 

2015 ഒക്‌ടോബർ 11, ഞായറാഴ്‌ച

  ദാദ്രി -കാഴ്ചകൾക്കപ്പുറം ....

             ദാദ്രി  ഒരു  തിരിച്ചു പോക്കാണ് ... ഡിജിറ്റൽ  ഇന്ത്യയിൽ  നിന്നു നൂറ്റാണ്ടുകൾ  പിന്നിലോട്ടുള്ള നടത്തം ...സാംസ്‌കാരിക പൈതൃകം  അവകാശപ്പെടുകയും കാട്ടാളിത്ത മനോഭാവം വെച്ചു  പുലർത്തുകയും  ചെയ്യുന്ന ഒരു സമൂഹത്തിനു മുന്നോട്ടുള്ള പ്രയാണം  വളരെയേറെ കഠിനമായിരിക്കും ..യഥാർത്ഥത്തിൽ ദാദ്രിയിൽ സംഭവിച്ചത് , മാധ്യമങ്ങളും  സോഷ്യൽ മീഡിയകളും   ആരോപിക്കുന്ന പോലെ കൃത്യമായ  സംഘ പരിവാർ ഫാസിസ്റ്റ്  അജണ്ടയാണോ  അവിടെ നടപ്പിലായത് ?? അതോ  ഭീതിതമായ സാമൂഹ്യ അധപതനത്തിന്റെ നേർകാഴ്ചയോ?
കേരളത്തിലെ അടക്കമുള്ള മാധ്യമങ്ങൾ ആഘോഷിക്കുന്ന പോലെ കേവലം ഭരണകൂടത്തിന്റെ ഒത്താശയോടു കൂടി  നടപ്പിലാക്കിയ  ഹിന്ദുത്വ ഭീകരതയാണ് സെപ്റ്റംബർ  28  നു നടന്ന ഈ ദാരുണ  കൊലപാതകം  എന്ന്  വിശ്വസിക്കുന്നത്  ഒരു പക്ഷെ രാഷ്ട്രീയ മുതലെടുപ്പിനു ഉപകരിച്ചേക്കാം ... ഭരണകൂട ഫാസിസവും ഹിന്ദുത്വ ഭീകരതയും  ആണ്  ഇതെന്നു  പൊതുസമൂഹത്തിനു മുന്നിലെത്തിക്കുമ്പോൾ ,ഇന്ത്യയിൽ നിലവിൽ ഉള്ള മതേതര കാഴ്ച്ചപാടുകൾക്കും  സഹവർത്തിത്വത്തിനും ആണ്  മുറിവേൽക്കുന്നത് ..ഇങ്ങു കേരളത്തിൽ കേരള വർമ  കോളേജിൽ അതിന്റെ അലയൊലികൾ ഉണ്ടായെങ്കിൽ അതിന്റെ വ്യാപ്തി  അനുമാനിക്കാം ...കഴിഞ്ഞ ദിവസങ്ങളായി  ഭരണകൂടത്തിന്റെ ഫാസിസ്റ്റ്  നയങ്ങളിൽ  പ്രതിഷേധിച്ച്  സാമൂഹ്യ -സാംസാരിക  നായകന്മാരുടെ രാജി പ്രഖ്യാപനത്തിന്റെ ഒരു  നിര തന്നെ കണ്ടു ..ഭരണകൂടം  കൃത്യമായ തിരക്കഥയോടു കൂടി നടപ്പിലക്കിയതാണ്  ഇതെങ്കിൽ മതേരത്വ - ജനാധിപത്യ രാഷ്ട്രത്തിന്  ഇതൊട്ടും ഭൂഷണമല്ല ...തീര്ച്ചയായും  എതിർക്ക പെടെണ്ടതും  ഉന്മൂലനം ചെയ്യേണ്ടതുമായ പ്രവണതയാണ് ...
എന്നാൽ അനാഗരികമായ മനസ്ഥിതി  വെച്ചു  പുലർത്തുന്ന പല ഉത്തരേന്ത്യൻ  ഗ്രാമങ്ങളെയും നാം മുന്പും കണ്ടിട്ടുള്ളതാണ് ...ആ വ്യവസ്ഥിതിയും അവരുടെ മനോഭാവും ആണ് മാറേണ്ടത് ...അന്നൊന്നും കാണിക്കാത്ത മാധ്യമ ഇടപെടലുകൾ ഇന്ന്  മതത്തിന്റെ  പേരിൽ  കാണിക്കുമ്പോൾ സമൂഹം പേടിക്കണം ...ഇതിനെയൊന്നും മതത്തിന്റെ കണ്ണ് കൊണ്ട് മാത്രമല്ല കാണേണ്ടത്...സാംസ്കാരിക കാഴ്ച് പാടിലായിരിക്കണം  കാണേണ്ടത്..സാമൂഹ്യവും സാംസ്കാരികവുമായ മാറ്റങ്ങൾ വേണം .എതിർക്കേണ്ടത്  എതിര്ക്കുക തന്നെ  വേണം ..അതാണു  ജനാധിപത്യത്തിന്റെ ശക്തിയും ...പക്ഷെ എതിർക്കപെടേണ്ടത് എന്താണെന്നു രാഷ്ട്രീയ നേതൃത്വത്തിനും മാധ്യമങ്ങള്ക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം ..അല്ലായെങ്കിൽ അറിഞ്ഞോ അറിയാതെയോ പുതിയ ഗുജറാത്തും  മാറാടും  ഉണ്ടായിക്കൊണ്ടിരിക്കും ...
ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മാധ്യമങ്ങളും ഭരണകൂടവും കൃത്യമായ നിലപാടുകൾ കൈ കൊണ്ടില്ലേൽ അതിന്റെ ഭവിഷ്യത്തുകൾ ധാരുണമായിരിക്കും ....അല്ലെങ്കിൽ   ഭാരത്തിന്റെ  മണ്ണിൽ കണ്ണുനീർ പൊടിഞ്ഞു  കൊണ്ടേയിരിക്കും ...ആ കണ്ണീരിൽ നിന്ന് പുതിയ സരയൂ നദികൾ ജന്മമെടുക്കും...

സുജിത്ത്  2015



2015 ഓഗസ്റ്റ് 3, തിങ്കളാഴ്‌ച


ഒരു പൂനെ യാത്ര ....

പുനെ യിലേക്കുള്ള  യാത്ര കഴിഞ്ഞു വന്നിട്ടിപ്പോൾ ഒരു മാസം ആകാറായിരിക്കുന്നു ...പിന്നെ എന്തിനാണ് വീണ്ടും പൂനെ മനസ്സിലേക്ക് വരുന്നത് എന്നറിയില്ല ...ഐ ഐ ടി എം  ഇന്റർവ്യൂ  കഴിഞ്ഞു വരുമ്പോൾ യാദൃഷികം ആയിട്ടാണ് പൂനെ റെയിൽവേ സ്റ്റേഷനിൽ ആ അഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന കുട്ടിയെ കാണുന്നത് ...അപ്രതീക്ഷിതമായിട്ട്  അതെന്റെ ഷർട്ടിന്റെ തുമ്പത്തു പിടിച്ചു വലിക്കാൻ തുടങ്ങി....എന്റെ ഷർട്ടിൽ  വലിച്ചു പിടിച്ച് എന്നെ കൊണ്ട്  കടയിലുണ്ടായിരുന്ന കോള വാങ്ങിക്കയായിരുന്നു അതിന്റെ ഉദ്ദേശ്യം ...ആദ്യം ഒന്ന് പകച്ചു പോയ എനിക്ക്  എന്ത് ചെയ്യണം എന്നറിയില്ലായിരുന്നുവെന്നതാണ്  സത്യം .പിശുക്കനെന്നു കൂടുകാരാൽ  മുദ്ര കുത്തപ്പെട്ട ഞാൻ എന്ത് ചെയ്യുമെന്നു നോക്കി ചിരിക്കുവായിരുന്നു എന്റെ നല്ലവരായ സുഹൃത്തുകൾ....
ഗവണ്മെന്റ് ചിലവിൽ അങ്ങോട്ടും ഇങ്ങോട്ടും  യാത്ര സൗജന്യമായിരുന്ന  ഞങ്ങൾക്ക്  സ്വന്തം ചിലവിനു പോലും അവിടെ നിന്ന്  നയാപൈസ എടുക്കേണ്ടി വന്നിട്ടില്ല.ഞങ്ങൾ ഈ  അനുഭവിക്കുന്ന സൗജന്യങ്ങൾ ഒരു പക്ഷെ ഈ കുട്ടിക്കും അവകാശപെട്ടതല്ലേ എന്നൊരു ചോദ്യം മാത്രമായിരുന്നു അപ്പോൾ എന്റെ മനസ്സില് ഉണ്ടായിരുന്നത് ....മാറി മാറി വരുന്ന ഭരണകൂടങ്ങളുടെ കാനേഷുമാരി കണക്കിൽ പോലും ഭാഗമാവാത്തവർ ....
എന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന നൂറു രൂപ നോട്ടുകളുടെ യഥാർത്ഥ ഉടമകളെ ഞാൻ ആ നിമിഷം കാണുകയായിരുന്നു ...ഒരു നേരത്തെ ഭക്ഷണത്തിന് കൈ നീട്ടുന്ന ആ അഞ്ചു വയസ്സു കാരിയെ....സഹതാപമല്ല എനിക്കപ്പോൾ തോന്നിയത് ...ഭരണ കൂടത്തോടുള്ള വെറുപ്പായിരുന്നു .....വാശി പിടിച്ച കോളയ്ക്ക്  പകരം വേറെ ഏതോ പാനിയം വാങ്ങിച്ചു കൊടുത്തു ....സ്വയം കുടിച്ചു തീർക്കുന്നതിനു പകരം മറ്റുള്ളവർക്ക്  കൂടി പങ്ക്  വെച്ച് കൊടുക്കുന്നത് കണ്ടപ്പോൾ കുറച്ചു കൂടി നീറുകയായിരുന്നു മനസ്സ്...

കൃത്യമായ വിതരണ മാർഗങ്ങൾ  ഇല്ലാതെ കൃത്യ വിലോപം കൊണ്ട്  മാത്രം  കെട്ടി കിടന്നു നശിക്കുന്ന നമ്മുടെ ഭക്ഷ്യ ഉത്പന്നങ്ങളെ പറ്റി ചിന്തിച്ചു നോക്കുക ..നമ്മുടെ ഭരണകൂടങ്ങൾ  മൗനം പാലിക്കുന്ന കാലത്തോളം  ഭക്ഷണത്തിന് കൈ നീട്ടുന്ന തലമുറകളെ നമ്മുടെ ഭാരതം സൃഷ്ടിച്ചു കൊണ്ടേയിരിക്കും .....അപ്പോഴും നമുക്ക്  ബീഫ് നിരോധനത്തെ കുറിച്ചും പോണ്‍ സൈറ്റ്  നിരോധനത്തെ കുറിച്ചും ചര്ച്ച ചെയ്തു കൊണ്ടെയിരിക്കാം ....

സുജിത്ത് .... 

2015 ജൂൺ 4, വ്യാഴാഴ്‌ച

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                         
അന്വേഷണം 
എന്റെ കവിതകൾക്ക് ആരോ 
വിലക്കേർപ്പെടുത്തിയിരിക്കുന്നു...
ഇരുണ്ട യാമങ്ങളിൽ ഞാൻ 
നിന്നെ മറന്നു തുടങ്ങിയിരിക്കുന്നു ...
മറന്നു തുടങ്ങിയ മുഖങ്ങളിൽ ...
ഞാൻ എന്റെ സ്വത്വത്തെ  
അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു ....
വെയിലിലും നിലാവിലും 
ഞാൻ നിന്നെ തേടി  കൊണ്ടിരിക്കുന്നു....
 പല ഋതുക്കളിൽ ...
മഴയിലും  മഞ്ഞിലും ....
കൂരിരുട്ടിന്റെ കവാടത്തിലും ...
ഇവിടെ എന്റെ ഹൃദയതിനരികെ 
രക്തവാഹിനികൾക്കിടയിലും ...
ഞാൻ നിന്നെ തിരഞ്ഞു കൊണ്ടേയിരിക്കുന്നു....
                                                 സുജിത്ത് 2015 

2015 മേയ് 10, ഞായറാഴ്‌ച

2015 ഏപ്രിൽ 20, തിങ്കളാഴ്‌ച

      വെറുപ്പ് ......

ഒരുമിച്ച്  നിന്റെ  ഇഷ്ടഗാനം
ഡൌണ്‍ലോഡ്  ചെയ്യുമ്പോഴും  
നിലത്തു  തണുപ്പിൽ  
മരവിച്ചു  കിടക്കുമ്പോൾ  
കെട്ടി  പിടിച്ചുറങ്ങിയപ്പോഴും.....

 നേരം പുലരുവോളം 
നിന്റെ  കഥകളെ  
എന്റെ ഹൃദയത്തോട്  
ചേർത്ത്  നിർത്തിയപ്പോഴും ...

നിനക്ക് അവളോടുള്ള  പ്രണയത്തെ  കുറിച്ച്  
കലഹിച്ചപ്പോഴും 
ഞാൻ  കരുതി  
നിന്റെ നാലു ഹൃദയ അറകളിൽ 
രണ്ടെണ്ണം 
എന്റെ സൗഹൃദത്തിനായിരിക്കുമെന്ന് ......

പക്ഷെ  എപ്പോയെങ്കിലും 
നിനക്കെന്നോട്  പറയാമായിരുന്നില്ലേ ....സഖാവെ ......
അതിൽ നിറയെ  
എന്നോടുള്ള  വെറുപ്പായിരുന്നുവെന്ന് ....... 


സുജിത്ത്  ---2012 


2015 ഏപ്രിൽ 17, വെള്ളിയാഴ്‌ച

                       

        സ്വപ്നങ്ങളുടെ ഓർമയ്ക്ക് ...

 ഇന്ന്  സന്ധ്യയിൽ  ഏറെ  നേരം 
 നിന്നെയും  കാത്തിരുന്നത് 
 ഒരു ഓർമ  പുതുക്കലിന് വേണ്ടി മാത്രമായിരുന്നു...
 ഇന്നോളം ഞാൻ കണ്ട  സ്വപ്നങ്ങൾക്ക് 
നിറച്ചാർത്തു  നല്കുവാൻ  മാത്രം ....

 ഇളം വെയിൽ , നിന്റെ മുഖത്ത് 
 തഴുകിയപ്പോഴും 
  
 കാറ്റ് ,നിന്റെ  ചുരുണ്ട മുടി ഇഴകളിൽ 
നൃത്തം  വെച്ചപ്പോഴും 
എനിക്ക്  എന്തിനാവും അസൂയ  തോന്നിയത്....
 ഇന്ന് കായലിൽ  നിന്നെ നോക്കി  ചിരിച്ച  
ഓരോ ജല കണികയും 
നിന്നോട് പറഞ്ഞിരുന്നത് എന്തായിരുന്നു .....

ഒരു പക്ഷെ  കാത്തിരിപ്പിന്റെ  കഥകളാവാം ....

സമുദ്രത്തിലെത്താനുള്ള  കാത്തിരിപ്പ് ....
അല്ലെങ്കിൽ ഒരു വലിയ യാത്രയുടെ  കഥകൾ 

എനിക്ക്  നിന്നോട്  പറയുവാൻ 
ഉള്ളതും ഇത് തന്നെ അല്ലേ ......
കുറെ കാത്തിരിപ്പിന്റെയും  യാത്രയുടെയും  കഥകൾ ....

ഓർമകൾക്ക്  നിറങ്ങൾ  നല്കുവാനല്ലേ 
ഞാൻ നിന്നെയും കാത്തിരുന്നത് ........

പക്ഷെ ....ആരായിരുന്നു നീ ....??

എന്നോ മൃതിയടഞ്ഞ എന്റെ സ്വപ്നമേ ....
ഇന്ന് സന്ധ്യയിൽ  ഞാൻ  കണ്ടത്  
 നിന്നെ തന്നെ  ആയിരുന്നില്ലേ....

സുജിത്ത് ....

2015 ഏപ്രിൽ 4, ശനിയാഴ്‌ച

തിരിച്ചറിവുകൾ....

'ചില തിരിച്ചറിവുകൾ അതു  ജീവിതത്തിൽ  ഒരു അനിവാര്യതയാണ് .അവനവനെ കുറിച്ച ഒരു മനുഷ്യന് എന്ന് തിരിച്ചരിവുണ്ടാകുന്നുവോ അന്നവന് മോക്ഷപ്രാപ്തിയുണ്ടാകുന്നു .കേൾക്കുമ്പോൾ ആത്മീയത ആണോ സംസാര വിഷയം  എന്ന് തോന്നിയെങ്കിൽ തെറ്റി...പറഞ്ഞു വരുന്നത്  ജീവിത യഥാര്ത്യങ്ങളെ കുറിച്ചാണ് ...സ്വയം തിരിച്ചറിയുന്നതിനെ കുറിച്ചാണ് .പലപ്പോഴും നമ്മുടെ ഉള്ളിലെ അഗ്നിയെ നമുക്ക്  തിരിച്ചറിയാതെ പോകുന്നതാണ് ജീവിതത്തിൽ ഉണ്ടാവുന്നതിൽ  വെച്ച് ഏറ്റവും  വലിയ ദുരന്തം ...പലപ്പോഴും  സ്വപ്നങ്ങൾ , യഥാര്ത്യങ്ങളുടെ കുത്തൊഴുക്കിൽ കാണതാവുകയാണ്  ഒരു  മധ്യ വർഗ -ദുർബല ജന  വിഭാഗങ്ങൾക്കിടയിൽ എന്നും  സംഭവിക്കുന്നത്...എന്നോ തുടങ്ങി ഇനി  അവസാനിക്കില്ല  എന്നാരോ  അവനെ  പഠിപ്പിച്ചത്  പോലെ  ഓരോ  കാല ഘട്ട ങ്ങളിലും സ്വപ്നങ്ങളുടെ കനലുകൾ മറവു  ചെയ്യപ്പെടുന്നു....ഒരു പക്ഷെ  ഞാൻ  അടക്കമുള്ള  ദുർബല -മധ്യ വർഗ ജന വിഭാഗങ്ങളുടെ  സ്വപ്നങ്ങളുടെ  മറവു ചെയ്യലിന്  കുറ്റം  പറയേണ്ടത്  ആരെയാണ്..ഒരു പക്ഷെ ഭരണകൂടത്തെ പഴി  പറഞ്ഞേക്കാം ...അത്  നമുക്ക്  സ്വയം  രക്ഷപെടാൻ  നാം കണ്ടു പിടിക്കുന്ന  ഒരു വഴി മാത്രമാണ്...ഒന്നുമില്ലാതെ വരുമ്പോൾ  കുറ്റം പറഞ്ഞ്  അവസാനിപ്പിക്കാം  എന്നുള്ള  ഒരു നിശ്വാസം. മാത്രം...ദുർബല  ജന വിഭാഗത്തിന്റെ  സ്വപ്ങ്ങളുടെ മേലുള്ള  അധികാര വർഗ്ഗത്തിന്റെ രക്ഷ്ട്രീയത്തെ കുറിച്ചെല്ല ഇപ്പോൾ പറയുന്നത് ..അതിനുമപ്പുറം കേവല യാഥാർത്ഥ്യങ്ങൾക്കിടയിലെ ഞെരിഞ്ഞു പോകുന്ന സ്വപ്നത്തെ കുറിച്ചാണ് ...അതിനു വേണ്ടത് തിരിച്ചറിവാണ് ...ഓരോ മത ദർശനങ്ങൾക്കിടയിലും  കാണാൻ  കഴിയുന്നതും ഇത്  തന്നെയാണ്...സ്വയം ഉൾകൊള്ളൂന്നതിനെ കുറിച്ച് ...
 സി.വി രാമനെന്ന ഭൗതിക ശാസ്ത്ര പ്രതിഭ ഒരു ഇന്ത്യൻ ഫിനാൻഷ്യൽ സർവീസിൽ ജോലി  ചെയ്തിരുന്ന  ഒരു ഉദ്യോഗസ്ഥനായി  നമുക്ക് ഇപ്പോൾ  സങ്കലപ്പിക്കാൻ പറ്റുമോ.???രാമൻ എഫെക്റ്റ്  എന്ന്  പറയുന്ന കണ്ടു പിടുത്തം ഭൗതിക  ശാസ്ത്രത്തിൽ  എത്ര  മാത്രം പ്രസക്തമാണെന്നു ഒരു കുട്ടി പോലും  ഇന്ന് നമുക്ക്  പറഞ്ഞു തരും..പറഞ്ഞു  വരുന്നത്  സി വി  രാമന്റെ  തിരിച്ചറവിനെ കുറിച്ചാണ് .  തന്റെ ഭൗതിക ശാസ്ത്രത്തിലെ കഴിവുകളെ  ആ ശാസ്ത്ര പ്രതിഭ സ്വയം തിരിച്ചറിഞ്ഞു  കൊണ്ടാണ്  ഉന്നതമായ  തന്റെ  ജോലി ഉപേക്ഷിച്ച്  ശാസ്ത്ര രംഗത്തേക്ക്  ഇറങ്ങി തിരിച്ചത്.ഒരു പക്ഷെ  ഒരു ഉദ്യോഗസ്ഥൻ  മാത്രമായി  ഒതുങ്ങിയിരുന്നെങ്കിൽ  ഒരു പക്ഷെ ആ പ്രതിഭയ്ക്ക്  നല്ല ഉദ്യോഗസ്ഥനോ  നല്ല ശാസ്ത്രജ്ഞനോ  ആകാൻ  കഴിയാതെ  വരുമായിരുന്നു...കാരണം  എല്ലാ ഒതുങ്ങി കൂടലിലും കണ്ടു വരുന്നത്  ഒരു നിരാശയാണ് ...സ്വയം ശപിക്കുന കാഴ്ച ...ഓരോ നെൽ  വിത്തുകളിലും  അത് എവിടെ  വളരണം എന്നും ആരു ഭക്ഷിക്കണം  എന്നും  എഴുതി വച്ചിരിക്കുന്നു  എന്ന്  പറയുന്നത്  പോലെ നമ്മളിലും ഓരോ അഗ്നി കെടാതെ  സൂക്ഷി ച്ചിട്ടുണ്ട് .അത്  ആളി കത്തിക്കനായിരിക്കണം നാം ഓരോരുത്തരും ശ്രമിക്കേണ്ടത്..


സുജിത്ത്   

2015 ജനുവരി 17, ശനിയാഴ്‌ച

ഒറ്റയ്ക്കുള്ള യാത്രയുടെ മുഷിച്ചിൽ മാറ്റാനാണ്  പതിവുപോലെ ചുറ്റുപാടുമുള്ള ആളുകളിലേക്ക്‌ കണ്ണ് തിരിഞ്ഞത്.ഇന്നലെ വളരെ വൈകി ഉറങ്ങിയത് ഇന്ന് യാത്ര ഒറ്റയ്ക്കാനെന്നറിഞ്ഞിട്ടായിരുന്നു ....4 മണിക്കൂറോളം ഉള്ള ഈ യാത്രയിൽ  അടുത്ത കാലത്താണ് ഇത്രയും ഒറ്റയ്ക്കായത് .വിരസമായ ഈ ഏകാന്തത ഒഴിവാക്കാനായിരുന്നു ഇന്നു വെളുപ്പിന് 6 മണിക്ക്  റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെടേണ്ട ഞാൻ നേരം വെളുപ്പിന് 3.30 കഴിഞ്ഞിട്ടും ഉറങ്ങതിരുന്നത്....കാരണം ഉറക്കിന്റെ  ആലസ്യം കൊണ്ട് വണ്ടിയിലിരുന്നു നന്നായി ഉറങ്ങിക്കൊള്ളുമല്ലോ....പതിവിനു വിപരീതമായി ഒട്ടും ഉറങ്ങിയില്ല എന്നു  മാത്രമല്ല 
ലാപ്ടോപിലെ ഏതെങ്കിലും സിനിമയിൽ 4 മണിക്കൂറിനെ തളച്ചിടാൻ തോന്നിയതുമില്ല..ട്രെയിനിൽ അടുത്ത സീറുകളിലായി ഇരിക്കുന്ന കുറച്ചു കുട്ടികൾ ....എല്ലാം പെണ്‍കുട്ടികൾ....!.
നല്ല ഭംഗിയുള്ള ഒരു കൊച്ചു കുട്ടിയും അതിനകത്ത് ഉണ്ടായിരുന്നു...കൈകളിൽ ഉണ്ടായിരുന്ന മൊബൈലിൽ പരസ്പരം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും....മറിയും മറിഞ്ഞും ഫോട്ടോയ്ക്  പോസ് ചെയ്തു പോകുന്ന അവരെ കണ്ടപ്പോൾ എന്നും കൂട്ടത്തോടെ  പോയിരുന്ന പഴയ യാത്ര മാത്രമേ മനസ്സില്  കയറി വന്നുള്ളൂ....
നല്ല ഭംഗിയുള്ള ആ  കൊച്ചു കുട്ടിയോട്  എല്ലാവരും ആന്ഗ്യ ഭാഷയിൽ ചോദിക്കുന്നത് കണ്ടപ്പോഴാണ്  അവരെ കൂടുതൽ ശ്രദ്ധിച്ചു നോക്കിയത് ....ശബ്ദത്തിന്റെ ....താളത്തിന്റെ... ....കിളികളുടെ പാട്ടുകളുടെ ....മഴത്തുള്ളി കിലുക്കത്തിന്റെ ...ഒന്നിന്റെയും ശബ്ദ കോലാഹലങ്ങളില്ലാത്ത ലോകത്ത്  ജീവിക്കുന്ന ഒരു കൊച്ചു സുന്ദരി ... കൈവിരലുകളിലൂടെ ശബ്ദത്തെ കീഴടക്കുന്നവരുടെ ലോകം....
ഓരോ ചലനങ്ങളും ഓരോ ശബ്ദത്തിന്റെ പ്രതിരൂപങ്ങൾ ......
ആ കുട്ടിയെ തന്നെ നോക്കിയിരുന്നപ്പോഴായിരുന്നു കണ്ണിനീറനണിയിച്ച ഒരു സത്യം തിരിച്ചറിഞ്ഞത് ...അതിൽ ആർക്കും  സംസാരിക്കാനോ കേൾക്കനൊ കഴിയുമായിരുന്നില്ല  എന്ന സത്യം ......ഇന്നു വരെ ഈ ലോകത്തിന്റെ  ശബ്ദ  ആസ്വദിക്കാൻ ഭാഗ്യം ലഭിക്കാത്തവർ ...ഒന്നും പറയുവാൻ തോന്നുന്നില്ല ....ചിലപ്പോൽ  ചില കാര്യങ്ങൾ  അങ്ങനെ  ആണ് .നമ്മുടെ ചിന്തകൾ ക്കും അപ്പുറം ആയിരിക്കും യാഥാർത്ഥ്യം .
ശബ്ദമില്ലാത്ത ആ ലോകത്ത് അവർ അവരുടേതായ സന്തോഷം കണ്ടെത്തുന്നു.വഴക്കു  കൂടുന്നു...കളിയാക്കുന്നു. പൂരണതയിൽ ഈ ലോകത്ത് ജനിച്ചിട്ടും ഈ ലോകം നന്നായി ആസ്വദിക്കാതെ ജന്മം പാഴാക്കുന്ന എന്നെ പോലുള്ളവരെ ഞാൻ സ്വയം എന്ത് വിളിക്കണം എന്നറിയില്ല .... 
എത്ര നാൾ അവരെ ഞാൻ അവരുടെ മുഖങ്ങൾ ഓർത്തിരിക്കും എന്ന് പറയാൻ കഴിയില്ല....പക്ഷെ  ഇന്ന്  മുഴുവൻ അവരുടെ മുഖങ്ങൾ എന്റെ മനസ്സിൽ ഭദ്രമാണ് ...........